റിയാദ്: താപനില നിയന്ത്രിക്കാൻ കഴിവുള്ള ഇഹ്റാം വസ്ത്രങ്ങൾ പുറത്തിറക്കാനൊരുങ്ങി സൗദി അറേബ്യ. തീർത്ഥാടന വേളയിൽ ശരീരത്തിന്റെ താപനില കുറക്കാൻ കഴിയും വിധമാണ് വസ്ത്രത്തിന്റെ നിർമാണം. ലോകത്ത് ആദ്യമായാണ് ഇത്തരം സംവിധാനം ഒരുക്കുന്നത്. സൗദി എയർലൈൻ കമ്പനിയായ സൗദിയയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
അമേരിക്കൻ കമ്പനികളായ ലാൻഡർ, ബിആർആർ എന്നിവരുമായി സഹകരിച്ചാണ് നിർമാണം. ശരീര താപനില ചുറ്റുപാടിനെ ആശ്രയിച്ച് 1 മുതൽ 2°C വരെ കുറക്കാൻ പുതിയ സംവിധാനത്തിന് കഴിയും.
അന്തരീക്ഷ താപവുമായി ശരീരത്തെ ഇണക്കുക, കടുത്ത സൂര്യ രശ്മികളിൽ നിന്നുള്ള സംരക്ഷണം എന്നിവ പുതിയ ഇഹ്റാം വസ്ത്രങ്ങളിലൂടെ സാധ്യമാകും. ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് നിർമാണം. 60 ലക്ഷം ഹജ്ജ് തീർത്ഥാടകർക്കും, മൂന്ന് കോടി ഉംറ തീർത്ഥാടകർക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.