റിയാദ്: റമദാനിൽ ഇരു ഹറമിലും നമസ്കാരങ്ങൾക്ക് നേതൃത്വം നൽകാൻ സൗദിയിലെ പ്രമുഖ പണ്ഡിതരും ഖുർആൻ പാരായണ വിദഗ്ധരുമായ 16 പേരെ നിശ്ചയിച്ചു. ഇരുഹറമുകളുടെയും മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് ആണ് ഇമാമുമാരെ പ്രഖ്യാപിച്ചത്. റമദാനിലേക്ക് പ്രവേശിക്കുന്ന പുണ്യഭൂമികൾ ഒരുക്കങ്ങൾ പൂർത്തിയാക്കി വിശ്വാസികളെ കാത്തിരിക്കുകയാണ്.
മക്കയിൽ ഏഴും മദീനയിൽ ഒൻപതും ഇമാമുമാരാണ് രാത്രി നമസ്കാരങ്ങൾക്കും പ്രാർഥനകൾക്കും നേതൃത്വം നൽകുന്നത്. റമദാൻ അവസാനത്തെ പത്ത് ദിവസങ്ങളിൽ അർധരാത്രിക്കു ശേഷം ഇരുഹറമിലും പ്രത്യേക നമസ്കാരം ഉണ്ടാകും. ഇതിനു പ്രത്യേക ഷെഡ്യൂൾ ഇരുഹറം വിഭാഗം തയാറാക്കിയിട്ടുണ്ട്.
മക്കയിലെ മസ്ജിദുൽ ഹറമിൽ ഇരുഗേഹങ്ങളുടെയും വികസന ഹറംകാര്യ വകുപ്പ് തലവനും മക്ക ഇമാമുമായ ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് ആണ് മസ്ജിദുൽ ഹറമിലെ പ്രധാന ഇമാം. 1984ൽ 22 വയസ് പ്രായമുള്ളപ്പോൾ മുതൽ അദ്ദേഹം ഹറമിൽ നമസ്കാരത്തിനു നേതൃത്വം നൽകിവരുന്നു. പണ്ഡിതരും ഇമാമുമാരുമായ ഡോ. മാഹിർ മുഐഖിലി, ഡോ. അബ്ദുല്ല അൽ ജുഹനി, ഡോ. ബന്തർ ബലീല, ഡോ. യാസർ അൽ ദോസരി എന്നിവരും മക്കയിൽ ഇത്തവണയും നമസ്കാരങ്ങൾക്കു നേതൃത്വം നൽകും. ഡോ. വലീദ് അൽ ഷംസാൻ, ശൈഖ് ബദർ അൽ തുർക്കി എന്നിവരും താത്കാലിക നിയമനത്തിൽ റമദാൻ രാത്രി നമസ്കാരങ്ങൾക്കു നേതൃത്വം നൽകും.