ഇന്ത്യയിൽ നിന്ന് സൗദിയിലെത്തിയ കാക്കകൾ തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നില്ല. തുടർന്ന് സൗദിയിൽ ഇന്ത്യൻ കാക്കകൾ പെരുകിയതോടെ ചെറു പ്രാണികളെ ഭക്ഷിക്കുന്നത് വർദ്ധിച്ചു. ഇത് മൂലം പ്രദേശത്ത് ചെറു ജീവികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായി കണ്ടെത്തി. ഇതോടെ കുടിയേറിയ ഇന്ത്യൻ കാക്കകളെ ഇവിടെ നിന്ന് തുരത്താനുള്ള നിയന്ത്രണ നടപടികൾ ആരംഭിച്ചു.
ഇന്ത്യന്‍ കാക്കകളെ നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ നടപടി ആരംഭിച്ചത്. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലുമാണ് ഇന്ത്യന്‍ കാക്കകള്‍ എത്തിയത്. ഇവ തിരിച്ച് പോകാതിരിക്കുകയും എണ്ണം കൂടുകയും ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണ നടപടി സ്വീകരിക്കുന്നതായി ദേശീയ വന്യജീവി വികസന കേന്ദ്രം അറിയിച്ചു.
വൈദ്യുതി ലൈനുകളില്‍ പരസ്പരം ബന്ധിക്കുന്നത് മൂലം വൈദ്യുതി വിതരണം തടസ്സപ്പെടുക, കടല്‍പക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളെയും ഭക്ഷിക്കുക, കന്നുകാലികളെ ആക്രമിക്കുക, രോഗം പടര്‍ത്തുക, തുടങ്ങിയവ ഇന്ത്യന്‍ കാക്കകള്‍ വഴി ഉണ്ടാകുന്നുവെന്ന് വന്യജീവി വികസന കേന്ദ്രം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ ജൈവ വൈവിധ്യങ്ങളും ജനിതക വിഭവങ്ങളും സംരക്ഷിക്കുന്നതിനായി വന്യജീവി വികസന കേന്ദ്രം നടപ്പിലാക്കുന്ന ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യന്‍ കാക്കകളെ സൗദിയില്‍ നിന്നു തുരത്താനുള്ള പദ്ധതികൾ ആരംഭിച്ചത്.