റിയാദ്- കുവൈത്തിൽ നിന്ന് സന്ദർശന വിസയിൽ എത്തി റിയാദിൽ അപകടത്തിൽ മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിയും പത്ത് വർഷമായി കുവൈത്തിൽ ജോലിക്കാരനുമായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (2), മുഹമ്മദ് ഈഹാൻ ഗൗസ് (4) എന്നിവരാണ് മരിച്ചതെന്ന് പാസ്പോർട്ട് നമ്പറും മറ്റു രേഖകളും പരിശോധിച്ച് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
റിയാദിലേക്ക് പോയ ഇവരെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ഇവരുടെ ഒരു നാട്ടുകാരൻ നടത്തിയ തിരച്ചിലിലാണ് ഇവരെ തിരിച്ചറിയാൻ സാധിച്ചത്. നാട്ടിൽ വിവരം നൽകുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ബന്ധുക്കൾ ദമാമിലും കുവൈത്തിലുമുണ്ട്. ദമാമിലെ ബന്ധുക്കൾ റുമാഹ് ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇന്നലെ പുലർച്ചെ ആറു മണിക്ക് റിയാദിനടുത്ത് തുമാമയിൽ ഹഫ്ന – തുവൈഖ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും സൗദി പൗരൻ ഓടിച്ചിരുന്ന ട്രെയ്ലറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.