റിയാദ്- ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യൻ കുടുംബം കുവൈത്തിൽ നിന്ന് റിയാദിലേക്കുള്ള യാത്രാമദ്ധ്യേ അപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ആറു മണിക്ക് റിയാദിനടുത്ത് തുമാമയിൽ ഹഫ്ന – തുവൈഖ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും സൗദി പൗരൻ ഓടിച്ചിരുന്ന ട്രെയ്ലറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഫോർഡ് കാർ പൂർണമായും കത്തി നശിച്ചു.
മൃതദേഹങ്ങളും രേഖകളും പൂർണ്ണമായി കത്തിയിട്ടുണ്ട്.
അഞ്ചു പേർ മരിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യക്കാരായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (2), മുഹമ്മദ് ഈഹാൻ ഗൗസ് (4) എന്നിവരാണ് മരിച്ചത്. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയുണ്ട്. മറ്റു വിവരങ്ങൾ നിലവിൽ ലഭ്യമല്ല. കുവൈത്തിൽ സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ വന്നവരാണിവർ. മൃതദേഹങ്ങൾ റുമാഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ നിന്നോ കുവൈത്തിൽ നിന്നോ ആരും ബന്ധപ്പെട്ടിട്ടില്ല. കുടുംബത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ റിയാദ് ഇന്ത്യൻ എംബസിയേ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.