റിയാദ്- അന്താരാഷ്ട്ര ഫാഷൻ ഷോയ്ക്ക് റിയാദ് ദർഇയയിലെ അൽബുജൈരി ടെറസിൽ തുടക്കമായി. ദർഇയ ആർട്‌സ് ആന്റ് ഫാഷൻ ഷോ എന്ന ലേബലിൽ മുൻനിര ഫാഷൻ ബ്രാൻഡ് ആയ റംസീന്റെ പങ്കാളിത്തത്തോടെ ദർഇയ കമ്പനിയാണ് ഷോ സംഘടിപ്പിക്കുന്നത്. ഒരാഴ്ച കാലയളവിലാണ് ഷോ നടക്കുന്നത്. ദർഇയയുടെ സംസ്‌കാരവും പൈതൃകവും പ്രചോദിപ്പിക്കുന്ന വസ്ത്ര ഡിസൈനുകളുടെ വൻ ശേഖരമാണ് ഇതാദ്യമായി സൗദിയിൽ നടക്കുന്ന ഫാഷൻ ഷോയിൽ ഒരുക്കിയിട്ടുള്ളത്.
ഹൈഫ വഹ്ബി, ലത്തീഫ അൽടുണീഷ്യ, ദാലിയ മുബാറക്, ദുറ അൽ ടുണീഷ്യ തുടങ്ങിയ നിരവധി അറബ് കലാകാരന്മാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സൗദി സംസ്‌കാരത്തിനും ദിരിയയുടെ ആധികാരിക പൈതൃകത്തിനും പ്രാദേശികവും അന്തർദേശീയവുമായ ഫാഷൻ ഡിസൈനുകളിലെ സ്വാധീനം ഉയർത്തിക്കാട്ടുകയാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഫാഷൻ ഡിസൈൻ മേഖലയിലെ സൗദി പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ അവരുടെ സർഗ്ഗാത്മകതയെ പ്രാദേശികമായും ആഗോളതലത്തിലും ഉയർത്തിക്കാട്ടുക കൂടി ലക്ഷ്യമാണ്. ആധുനികവും പരമ്പരാഗതവുമായ ഫാഷൻ രീതികളിൽ താൽപ്പര്യമുള്ളവർക്ക് സൗദി കലാകാരനായ അബ്ദുറഹ്മാൻ അൽറുമൈസാന്റെ എക്‌സ്‌ക്ലൂസീവ് ഡിസൈനുകളുടെ ശേഖരം ആസ്വദിക്കാനുള്ള അവസരവും ഇവിടെയുണ്ട്.