മക്ക: ലോക മത പണ്ഡിത സമ്മേളനത്തിനു മക്കയിൽ തുടക്കമായി. മതത്തിന്റെ പേരിലുള്ള തീവ്ര ചിന്തകളെയും ഭീകര പ്രവർത്തനങ്ങളെയും ശക്തമായി എതിർക്കുമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സൗദി മതകാര്യ മന്ത്രി ഡോ.അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖ് വ്യക്തമാക്കി.
ഇസ്‌ലാമിന്റെ ശരിയായ മൂല്യങ്ങൾ ജീവിതത്തിലൂടെ പ്രചരിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. യഥാർഥ വിശ്വാസത്തിലേക്കും പ്രവാചകചര്യയിലേക്കും സമൂഹത്തെ ക്ഷണിക്കണം. അന്ധ വിശ്വാസങ്ങളും കെട്ടു കഥകളും മതത്തിന്റെ പേരിൽ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പണ്ഡിതർ, മുഫ്തിമാർ, വിവിധ യൂണിവേഴ്‌സിറ്റികളിലെ അക്കാദമിക് വിദഗ്ദർ, ചിന്തകർ, നേതാക്കൾ, മന്ത്രിമാർ ഉൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നു പ്രതിനിധികൾ പങ്കെടുക്കുന്നു. ഇന്ത്യയിൽ നിന്ന് ഓൾ ഇന്ത്യ അഹ്‌ലെ ഹദീസ് പ്രസിഡന്റ് അസ്ഗർ അലി ഇമാം മഹ്ദി അസലഫി, കെഎൻഎം വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ, കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുൽ മജീദ്, ജാമിഅ മുഹമ്മദിയ്യ മുംബൈ ചെയർമാൻ മൗലാനാ അർഷദ് മുഖ്താർ, ജാമിഅ ഇസ്‌ലാമിയ്യ സനാബിൽ ഡൽഹി ചെയർമാൻ മൗലാന മുഹമ്മദ് റഹ്മാനി, അഹ്‌ലെ ഹദീസ് പണ്ഡിതൻ ഷെയ്ഖ് അബ്ദുൽ ലത്തീഫ് കിൻദി ശ്രീനഗർ, ഷെയ്ഖ് അബ്ദുസലാം സലഫി മുംബൈ, അസ്അദ് അഹ്‌സമി ജാമിഅ സലഫിയ്യ ബനാറസ് എന്നിവരാണ് പങ്കെടുക്കുന്നത്.