റിയാദ് – റിയാദ് ഇറാന് എംബസി ഇന്ന് വീണ്ടും തുറക്കുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ മാര്‍ച്ച് 10 ന് ഇരു രാജ്യങ്ങളും ബെയ്ജിംഗില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു.
സൗദിയിലെ പുതിയ ഇറാന് അംബാസഡറായി നിയമിതനായ അലി രിദ ഇനായത്തിയുടെ സാന്നിധ്യത്തില്‍ ഇന്ന് വൈകിട്ട് ആറിന് ഇറാന് എംബസി വീണ്ടും തുറക്കും. ഇതിനു മുന്നോടിയായി എംബസി കെട്ടിടത്തില്‍ സമഗ്രമായ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കിയിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ഹസന് റൂഹാനിയുടെ കാലത്ത് കുവൈത്തിലെ ഇറാന് അംബാസഡറായിരുന്ന അലി ഇനായത്തി നിലവില്‍ ഡെപ്യൂട്ടി വിദേശ മന്ത്രിയാണ്. ഇദ്ദേഹത്തെ സൗദിയിലെ പുതിയ ഇറാന് അംബാസഡറായി നിയമിച്ചതായി സര്‍ക്കാര്‍ പത്രമായ ഇറാന് ഡെയ്ലി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.