റിയാദ് – ഇറാനിൽ സൗദി എംബസിയും കോൺസുലേറ്റും തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സൗദി സാങ്കേതിക സംഘം തെഹ്‌റാനിലെത്തി. കഴിഞ്ഞ മാസം പത്തിന് ബെയ്ജിംഗിൽ വെച്ച് സൗദി അറേബ്യയും ഇറാനും ചൈനയും ഒപ്പുവെച്ച ത്രികക്ഷി കരാർ നടപ്പാക്കാനും ഈ മാസം ആറിന് ബെയ്ജിംഗിൽ വെച്ച് സൗദി, ഇറാൻ വിദേശ മന്ത്രിമാർ നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയ കാര്യങ്ങളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ടാണ് സൗദി സാങ്കേതിക സംഘം തെഹ്‌റാനിലെത്തിയത്.
നാസിർ ബിൻ അവദ് ആലുഗനൂമിന്റെ അധ്യക്ഷതയിലുള്ള സൗദി സംഘം തെഹ്‌റാനിൽ ഇറാൻ വിദേശ മന്ത്രാലയ ആസ്ഥാനത്തു വെച്ച് ഇറാൻ വിദേശ മന്ത്രാലയത്തിലെ പ്രോട്ടോകോൾ വിഭാഗം മേധാവിയുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. സൗദി സംഘത്തിന്റെ ദൗത്യം എളുപ്പമാക്കാൻ ആവശ്യമായ മുഴുവൻ പിന്തുണയും സഹായ സൗകര്യങ്ങളും നൽകാനുള്ള ഇറാന്റെ സന്നദ്ധത ഇറാൻ വിദേശ മന്ത്രാലയത്തിലെ പ്രോട്ടോകോൾ വിഭാഗം മേധാവി അറിയിച്ചു.