ടെൽഅവീവ്: ഇസ്രായേലിനെതിരെ നടത്തിയ മിസൈൽ ആക്രമണം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്കയും ഇസ്രായേലും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മിസൈൽ ആക്രമണം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ഇസ്രായേൽ ഭരണകൂടം ഇതോടെ എല്ലാം അവസാനിപ്പിക്കണമെന്നും, തങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ പ്രതികരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖി അറിയിച്ചു. സാമൂഹ്യ മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഇസ്രായേൽ ഭരണകൂടം കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കരുത്. അങ്ങനെ എങ്കിൽ ഞങ്ങളുടെ ഭാഗത്തും തുടർ ആക്രമണങ്ങൾ ഉണ്ടാകില്ല. എന്നാൽ മറിച്ചാണ് തീരുമാനമെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരും. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര യോഗം ചേരുന്നത്.