ജിദ്ദ – ഇറാഖിൽ ഗ്യാസ് ഫീൽഡ് വികസനത്തിനായി സൗദി അരാംകൊ പങ്കാളിത്തം വഹിക്കുമെന്നും ഇക്കാര്യത്തിൽ സൗദി അറേബ്യയുമായി ധാരണയിലെത്തിയതായും ഇറാഖ് എണ്ണ മന്ത്രി ഹയാൻ അബ്ദുൽഗനി അറിയിച്ചു. സൗദി, ഇറാഖ് കോ-ഓർഡിനേഷൻ കൗൺസിൽ യോഗത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അബ്ദുൽഗനി.
വൻതോതിൽ ഗ്യാസ് നിക്ഷേപങ്ങളുള്ള ഇറാഖിന്റെ കിഴക്കു, പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഏതാനും വാതക പാടങ്ങൾ വികസിപ്പിക്കാൻ നിക്ഷേപങ്ങൾ നടത്തും. അൽഅൻബാറിലെ അക്കാസ് ഗ്യാസ് പാടം വികസിപ്പിക്കുന്നതിൽ സൗദി അറാംകൊ പങ്കാളിത്തം വഹിക്കും. ഇവിടെ നിന്ന് പ്രതിദിനം 40 കോടിയിലേറെ ഘനയടി ഗ്യാസ് ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഇവിടെ പ്രതിദിനം ആറു കോടി ഘനയടി വാതകമാണ് ഉൽപാദിപ്പിക്കുന്നത്. വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ പ്രകൃതി വാതകം വികസന പദ്ധതിയിലൂടെ ലക്ഷ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കിഴക്കു, പടിഞ്ഞാറൻ ഇറാഖിലെ ഗ്യാസ് ഫീൽഡുകളുടെ വികസനത്തിന് രണ്ടു ഘട്ടങ്ങളായി ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. വാതക പാടങ്ങളുടെ വികസനത്തിലും ഗ്യാസ് ഉൽപാദനത്തിലും സൗദി കമ്പനികൾ പങ്കാളിത്തം വഹിക്കണമെന്നാണ് ഇറാഖ് ആഗ്രഹിക്കുന്നതെന്നും ഹയാൻ അബ്ദുൽഗനി പറഞ്ഞു.