മക്കയിൽ രണ്ടുദിവസത്തെ ഇസ്‌ലാമിക് ഉച്ചകോടി സംഘടിപ്പിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകി. ഇസ്‌ലാമികകാര്യ മന്ത്രാലയമാണ് ലോകത്ത് മത, ഇഫ്താകാര്യ വിഭാഗങ്ങൾ തമ്മിലെ ആശയവിനിമയം എന്ന ശീർഷകത്തിൽ മുഹറം 26, 27 തീയതികളിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. 85 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരും മുഫ്തികളും സമ്മേളത്തിൽ സംബന്ധിക്കും.
രണ്ടു ദിവസത്തിനിടെ നടക്കുന്ന ഏഴു സെഷനുകളിൽ മിതവാദം, മതതീവ്രവാദം, തീവ്രവാദം, ഭീകരത, അപചയം, വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലെ സഹിഷ്ണുത, സഹവർത്തിത്വം എന്നീ വിഷയങ്ങൾ വിശകലനം ചെയ്യും. ലോകജനവിഭാഗങ്ങൾക്കിടയിൽ അക്രമങ്ങളും വിദ്വേഷവും കുറക്കാൻ സഹായിക്കുന്ന നിലക്ക് ലോകത്തെ മതനേതാക്കളുമായുള്ള സൃഷ്ടിപരമായ സഹകരണത്തിലൂടെ മിതവാദ സമീപനം ശക്തമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇസ്‌ലാമികകാര്യ മന്ത്രാലയം സമ്മേളനം സംഘടിപ്പിക്കുന്നത്.