ദുബായ്: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ യുഎഇ ആശങ്ക പ്രകടിപ്പിച്ചു. അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും സംഘട്ടനത്തിന്റെ തോത് വിപുലീകരിക്കുന്നത് തടയുന്നതിനും വളരെ ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെ പ്രാധാന്യം വിദേശകാര്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
അതേസമയം, ജോർദാൻ, ഇറാൻ, ഇറാഖ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ ഫ്ളൈ ദുബായ് റദ്ദാക്കി. ഈ റൂട്ടുകളിലൂടെയുള്ള ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
ഇസ്രായേലിനെതിരായ ടെഹ്‌റാൻ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ശനിയാഴ്ച പുലർച്ചെ ഇറാനിലെ സൈനിക സൈറ്റുകൾ ആക്രമിച്ചതായി ഇസ്രായേൽ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിമാന സർവ്വീസുകൾ റദ്ദാക്കാൻ ഫ്ളൈ ദുബായ് തീരുമാനിച്ചത്. മേഖലയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയും അതിനനുസരിച്ച് തങ്ങളുടെ വിമാന സർവ്വീസ് ഷെഡ്യൂൾ ഭേദഗതി ചെയ്യുകയും ചെയ്യുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.