ജിദ്ദ- ജിദ്ദ എയർപോർട്ടിൽ ഫസ്റ്റ് എയ്ഡ്സേവനത്തിന് ആംബുലൻസുമായി സ്വദേശി വനിതകൾ രംഗത്തെത്തി. സൗദിയിൽ ഇതാദ്യമായാണ് സ്വദേശി വനിതകൾ സേവനത്തിനെത്തുന്നത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് അടിയന്തര വൈദ്യ സഹായങ്ങളും പ്രാഥമിക ശുശ്രൂഷകളുമെത്തിക്കുന്നതിനാണ് സൗദി വനിതകൾ രംഗത്തെത്തിയത്. സൗദി വിമാനത്താവളങ്ങളിലാദ്യമായി പാരാ മെഡിക്കൽ സേവന രംഗത്ത് പ്രവർത്തിക്കാൻ സ്വദേശി വനിതകളെ പ്രാപ്തരാക്കുന്ന പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം കൊള്ളുന്നുവെന്ന് ജിദ്ദ എയർപോർട്ടിൽ സേവനം ചെയ്യുന്ന യുവതികളിലൊരാൾ പറഞ്ഞു.
തിയറിയും പ്രാക്റ്റിക്കലുമായി രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന മൂന്നു മാസത്തെ കോഴ്‌സാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ജിദ്ദ എയർപോർട്ടിലെ തീർഥാടകരുൾപ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളത്തിലെത്തിച്ചേരുന്ന ലക്ഷക്കണക്കിന് വരുന്ന യാത്രക്കാർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.പ്രാരംഭ ഘട്ടമായി ജിദ്ദയിൽ നടപ്പിലാക്കുന്ന പദ്ധതി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ക്രമേണ നടപ്പിലാക്കും.