Search
Close this search box.

ജിദ്ദ എയർപോർട്ട് ഒരാഴ്ചക്കിടെ സ്വീകരിച്ചത് ആറു ലക്ഷത്തിലധികം യാത്രക്കാരെ

jeddah airport

ജിദ്ദ – ജിദ്ദ എയർപോർട്ടിലെ ടെർമിനലുകളിൽ ആറു ലക്ഷത്തിലേറെ യാത്രക്കാരെ സ്വീകരിച്ചതായി ജിദ്ദ എയർപോർട്ട്‌സ് കമ്പനി പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി ഡോ. തുർക്കി അൽദീബ് പറഞ്ഞു. റമദാൻ ഒന്നു മുതൽ ഏഴു വരെയുള്ള ദിവസങ്ങളിലാണ് ഇത്രയേറെ യാത്രക്കാരെ സ്വീകരിച്ചത്. ഈ ഏഴു ദിവസത്തിനിടെ ജിദ്ദ എയർപോർട്ടിൽ 3,852 സർവീസുകളാണ് നടത്തിയത്. റമദാനിൽ തീർഥാടകരുടെ തിരക്ക് മുൻകൂട്ടി കണ്ട് സുരക്ഷാ വകുപ്പുകളുമായും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും സഹകരിച്ച് ആവശ്യമായ തയാറെടുപ്പുകൾ ജിദ്ദ എയർപോർട്ട്‌സ് കമ്പനി നടത്തിയിരുന്നു. കൂടുതൽ ജീവനക്കാരെയും തൊഴിലാളികളെയും വിമാനത്താവളത്തിൽ നിയമിക്കുകയും ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്തു.

ഒന്നാം നമ്പർ ടെർമിനൽ, നോർത്ത് ടെർമിനൽ, ഹജ്, ഉംറ ടെർമിനൽ കോംപ്ലക്‌സ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കടത്തിവിടുന്നതിന് സോർട്ടിംഗ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം യാത്രാ നടപടികൾ എളുപ്പമാക്കാൻ സഹായിക്കുന്ന കാര്യങ്ങളെ കുറിച്ച് യാത്രക്കാരെ ബോധവൽക്കരിക്കുന്ന കാമ്പയിനുകളും സാമൂഹികമാധ്യമങ്ങൾ വഴി നടത്തുന്നുണ്ട്. ആവശ്യമായ മുഴുവൻ ഔദ്യോഗിക രേഖകളും കൈവശം കരുതൽ, അനുവദനീയമായ ബാഗേജുകളുടെ തൂക്കം, വലിപ്പം, ആഭ്യന്തര സർവീസുകളുടെ രണ്ടു മണിക്കൂറും അന്താരാഷ്ട്ര സർവീസുകളുടെ മൂന്നു മണിക്കൂറും മുമ്പ് എയർപോർട്ടിൽ എത്തൽ, പൊതുഗതാഗത സേവനങ്ങൾ, മറ്റു സൗകര്യങ്ങൾ, സംസം ബോട്ടിലുമായി ബന്ധപ്പെട്ട നിർദേശങ്ങൾ, ആഗമന, നിർഗമന സാഹചര്യങ്ങളിലെ നടപടിക്രമങ്ങൾ എന്നിവയെ കുറിച്ചാണ് ബോധവൽക്കരണം നടത്തിയത്. വ്യത്യസ്ത ഭാഷകളിൽ യാത്രക്കാരുടെ ഫോണുകളിലേക്ക് ബോധവൽക്കരണ എസ്.എം.എസ്സുകളും അയക്കുന്നുണ്ട്.

ഒന്നാം നമ്പർ ടെർമിനലിലെ ഹറമൈൻ റെയിൽവെ സ്റ്റേഷൻ അടക്കം ഉംറ തീർഥാടകർക്ക് പ്രയോജനപ്പെടുത്താവുന്ന വ്യത്യസ്ത പൊതുഗതാഗത സംവിധാനങ്ങൾ വിമാനത്താവളത്തിലുണ്ട്. ജിദ്ദ എയർപോർട്ട് റെയിൽവെ സ്റ്റേഷനിൽ നിന്ന് മക്കയിലേക്കും മദീനയിലേക്കും പ്രതിദിനം 16 സർവീസുകൾ വീതം നടത്തുന്നു. ഇതിനു പുറമെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്ക് സൗജന്യ ബസ് ഷട്ടിൽ സർവീസുമുണ്ട്. എയർപോർട്ട് ടാക്‌സിയും തീർഥാടകർക്കും യാത്രക്കാർക്കും പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഡോ. തുർക്കി അൽദീബ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!