ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക ഏരിയ ആരംഭിച്ചു. യാത്രാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി കൂടുതൽ പ്ലാറ്റ്ഫോമുകളും സംവിധാനങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ജിദ്ദവഴി യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി. ജിദ്ദ വിമാനത്താവളം വഴിയുള്ള വ്യോമഗതാഗതം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ട്രാൻസിറ്റ് യാത്രക്കാർക്ക് മാത്രമായി പ്രത്യേക ഏരിയ ആരംഭിച്ചത്.
ജിദ്ദ വിമാനത്താവലത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ ഇവിടെ സ്വീകരിക്കും. യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി 10 പ്ലാറ്റ്ഫോമുകളും അഞ്ച് സുരക്ഷ പരിശോധന ഉപകരണങ്ങളും ട്രാൻസിറ്റ് ഏരിയയിലുണ്ട്. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും മികച്ച സേവനം നൽകുന്നതിനുമായി നിരവധി പദ്ധതികളാണ് ഇവിട നടപ്പിലാക്കി വരുന്നത്.
ഗതാഗതത്തിനും ലോജിസ്റ്റിക്സിനുമുള്ള ദേശീയ പദ്ധതികളുടേയും ‘വിഷൻ 2030’ന്റെയും ഭാഗമായാണ് പുതിയ ട്രാൻസിറ്റ് ഏരിയ ഒരുക്കിയതെന്ന് ജിദ്ദ വിമാനത്താവള സി.ഇ.ഒ അയ്മൻ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. 2030ഓടെ യാത്രക്കാരുടെ എണ്ണം 1.5 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനത്തേക്കും മണിക്കൂറിൽ 1,400 യാത്രക്കാർ വരെയുണ്ടാകും. പുതിയ ട്രാൻസിറ്റ് ഏരിയയിൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന ശേഷി ഇരട്ടിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.