ജിദ്ദ – ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ വ്യാപാര മേഖലയിൽ നേട്ടം കൊയ്ത് സൗദി യുവതി ജൂദ് അൽരിഫാഇ. യുവ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് സൗദിയുടേത്. അഭിലാഷങ്ങളും പ്രതീക്ഷകളും കൈവരിക്കാൻ സൗദി വനിതകൾക്ക് സ്വയം തൊഴിൽ, ബിസിനസ് മേഖലകളിലേക്ക് കടക്കാൻ കഴിയുമെന്ന് തെളിയിക്കാൻ എല്ലാ കുത്തക നിയമങ്ങളും ലംഘിച്ച് ജൂദ് അൽരിഫാഇ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ വ്യാപാര മേഖലയിൽ പ്രവേശിക്കുകയായിരുന്നു.
2019 മുതലാണ് പച്ചക്കറി മാർക്കറ്റിൽ താൻ പ്രവർത്തിക്കാൻ തുടങ്ങിയതെന്ന് ജൂദ് അൽരിഫാഇ പറഞ്ഞു. തുടക്കത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ മാർക്കറ്റിൽ തന്റെ പേരിൽ സ്വന്തം സ്ഥാപനവും തനിക്കു കീഴിൽ തൊഴിലാളികളുമുണ്ടെന്ന് ഇവർ പറയുന്നു. ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ ചില വിദേശികളുടെ കുത്തകയുണ്ടായിരുന്നിട്ടും സാഹചര്യങ്ങളുമായും പ്രതിബന്ധങ്ങളുമായും പോരടിച്ച് ഈ രംഗത്ത് തുടരാനും വിജയിക്കാനും ജൂദിന് സാധിച്ചു.
ജൂദ് അൽരിഫാഇയുടെ സ്റ്റാളിൽ പഴവർഗങ്ങളാണ് വിൽക്കുന്നത്. സൗദി മൊത്ത വ്യാപാരിയിൽ നിന്നാണ് തന്റെ സ്റ്റാളിലേക്ക് ആവശ്യമായ പഴവർഗങ്ങൾ സ്ഥിരമായി എടുക്കുന്നതെന്ന് ജൂദ് അൽരിഫാഇ പറയുന്നു. തന്റെ അനുഭവം പ്രചോദനമായെടുത്ത് സൗദി യുവതികൾ ബിസിനസ് മേഖലയിൽ പ്രവേശിക്കണമെന്ന് ജൂദ് അൽരിഫാഇ പറഞ്ഞു.