ജിദ്ദ: സൗദി അറേബ്യയിലെ പ്രവാസികൾക്ക് ആശ്വാസവാർത്ത. ജിദ്ദ കോൺസുലേറ്റിന്റെ മൊബൈൽ സേവനങ്ങൾ ഏപ്രിൽ മാസത്തിൽ ലഭ്യമാകും. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വിഎഫ്എസ് ഉദ്യോഗസ്ഥർ സൗദിയുടെ പടിഞ്ഞാറൻ മേഖലയിൽ ഏപ്രിൽ മാസത്തിൽ നടത്തുന്ന സേവന സന്ദർശനത്തിന്റെ ദിവസങ്ങളും സ്ഥലങ്ങളും ജിദ്ദ കോൺസുലേറ്റ് പരസ്യപ്പെടുത്തി.
സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിലുള്ള പ്രവാസികൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ നൽകുന്നതിനാണ് ഈ സന്ദർശനം സംഘടിപ്പിക്കുന്നത്. സന്ദർശന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് വിവിധ സേവനങ്ങൾ ലഭ്യമാകും.
ഏപ്രിൽ 11ന് യാമ്പു ടൗണിലെ കൊമേഴ്‌സ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലും, ഏപ്രിൽ 18ന് അൽ ബാഹയിലെ അൽ ഫലഹ് ഹോട്ടലിലും തബൂക്കിലെ വി.എഫ്.എസ് ഗ്ലോബൽ ഇന്ത്യ പാസ്‌പോർട്ട് ആപ്ലിക്കേഷൻ സെന്ററിലും സേവനങ്ങൾ ലഭ്യമാകും. ഏപ്രിൽ 25ന് അബഹയിലെ ഇന്ത്യ പാസ്‌പോർട്ട് ആപ്ലിക്കേഷൻ സെന്റിലും (വിഎഫ്എസ് സെന്റർ, ഖമീസ് മുഷൈത്ത്), ബിഷയിലെ ബിഷ ടവറിലും സേവനങ്ങൾ നൽകും. ഏപ്രിൽ 26ന് നജ്‌റാനിലെ വിഎഫ്എസ് സെന്ററിലും സേവന സന്ദർശനം നടത്തുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
പാസ്‌പോർട്ട് പുതുക്കുക, സാക്ഷ്യപ്പെടുത്തുക തുടങ്ങിയ സേവനങ്ങൾക്കായി ഓരോ മേഖലയിലുമുള്ള ഇന്ത്യക്കാർ അന്നേ ദിവസംതന്നെ അവസരം പ്രയോജനപ്പെടുത്തണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സന്ദർശന തീയതിയുടെ തൊട്ടുമുൻപ് 7 ദിവസങ്ങൾക്കുള്ളിൽ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച് സേവനങ്ങൾ ലഭിക്കുന്നതിന് അപ്പോയിന്റ്‌മെന്റ് എടുക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.