ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി. ജിദ്ദ ഇസ്ലാമിക് പോർട്ടിലെ സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇത്രയും മയക്കുമരുന്ന് രാജ്യത്തേക്കു കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. തുറമുഖംവഴി രാജ്യത്തേക്കുകൊണ്ടുവന്ന ഉരുളക്കിഴങ്ങ് ചരക്കിൽ കണ്ടെയ്നറിൽ ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്.
നാർകോട്ടിക് കൺട്രോൾ ഡിപ്പാർട്ട്മെൻറിൻറെ സഹകരണത്തിൽ പിടികൂടിയ സാധനങ്ങളുടെ സൗദിയിലെ സ്വീകർത്താക്കളായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി വ്യക്തമാക്കി. കണ്ടെയ്നറുകളിലൊന്നിൽ പരിശോധന നടത്തിയപ്പോൾ കണ്ടെയ്നറിൻറെ എയർ കണ്ടീഷനിങ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഇത്രയും കൊക്കെയ്ൻ കണ്ടെത്തിയതെന്നും അതോറിറ്റി വിശദീകരിച്ചു. രാജ്യത്തെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും കള്ളക്കടത്തുകാരുടെ ശ്രമങ്ങൾ നിരീക്ഷണത്തിലാണെന്നും സകാത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പറഞ്ഞു.