ജിദ്ദ: സൗദിയിൽ അനധികൃത കെട്ടിടങ്ങൾക്ക് എതിരെ നടപടി കർശനമാക്കി. ജിദ്ദ നഗരസഭയാണ് അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി കർശനമാക്കിയത്.
നിയമവിരുദ്ധമായി നിർമിച്ച നിരവധി കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതായി അധികൃതർ അറിയിച്ചു. കൊട്ടാരസദൃശ്യമായ ഒരു വീട് കഴിഞ്ഞ ദിവസം ഉത്തര ജിദ്ദയിലെ അബ്ഹുറിൽ പ്രിൻസ് അബ്ദുൽ മജീദ് റോഡിന്റെ അവസാന ഭാഗത്ത് നിന്നും പൊളിച്ച് നീക്കിയിരുന്നു.
നോർത്ത് അബ്ഹുറിലെ 33 ലക്ഷം ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള 48 പ്ലോട്ടുകൾ തിരിച്ചുപിടിക്കുകയും ചെയ്തു. ദക്ഷിണ ജിദ്ദയിലെ ഖുംറയിൽ 35 ലക്ഷം ചതുരശ്രമീറ്റർ സ്ഥലത്തെ കയ്യേറ്റവും ഒഴിപ്പിച്ചു. നിയമവിരുദ്ധ നിർമാണങ്ങൾ മുഴുവൻ ഒഴിപ്പിക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.