മുംബൈ: ഇന്റിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. മുംബൈയിൽ നിന്ന് ജിദ്ദയിലേക്കുള്ള 6E 56 വിമാനത്തിനും മുംബൈയിൽ നിന്ന് മസ്‌കത്തിലേക്കുള്ള 6E 1275 വിമാനത്തിനുമാണ് ഭീഷണി ഉണ്ടായത്. വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ച കാര്യം ഇന്റിഗോ എയർലൈൻ കമ്പനി വക്താവ് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശം ലഭിച്ച ശേഷം സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം വിമാനം ഐസൊലേറ്റഡ് ബേയിലേക്ക് മാറ്റി.
പിന്നീട് സുരക്ഷാ പരിശോധനകൾ നടത്തി. രണ്ട് വിമാനങ്ങളിലെയും ബോംബ് ഭീഷണികൾ വ്യാജമാണെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. നേരത്തെ മുംബൈയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായയിരുന്നു. തുടർന്ന് വിമാനം ഡൽഹിയിലേക്ക് തിരിച്ചു വിടുകയും ചെയ്തു.
രാവിലെ മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI 119 വിമാനത്തിനാണ് ആദ്യം ബോംബ് ഭീഷണി ലഭിച്ചത്. പറന്നുയർന്ന ശേഷമായിരുന്നു ഭീഷണി സന്ദേശം കിട്ടിയത്. തുടർന്ന് വിമാനം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഒരു ട്വീറ്റിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.