ജിദ്ദ: ജൂത കുടിയേറ്റ കോളനികൾ സ്ഥാപിക്കാനുള്ള ഇസ്രായിൽ ഗവൺമെന്റ് തീരുമാനത്തെ രൂക്ഷമായി അപലപിച്ച് സൗദി വിദേശ മന്ത്രാലയം. വെസ്റ്റ് ബാങ്കിൽ ജോർദാൻ നദിക്കരയിൽ ഫലസ്തീനികളുടെ 8,000 ഏക്കർ ഭൂമിയാണ് ഇസ്രായിൽ ഗവൺമെന്റ് പിടിച്ചെടുത്തത്. ഇസ്രായിലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെയും ബന്ധപ്പെട്ട പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.
ഇസ്രായിലിന്റെ ബലംപ്രയോഗിച്ചുള്ള കുടിയേറ്റ കോളനി നിർമാണങ്ങളുടെ തുടർച്ചയാണിത്.
അന്താരാഷ്ട്ര നിയമങ്ങളും യു.എൻ പ്രമേയങ്ങളും തുടർച്ചയായി ഇസ്രായിൽ ലംഘിക്കുന്നത് അന്താരാഷ്ട്ര വ്യവസ്ഥയുടെ വിശ്വാസ്യത ദുർബലപ്പെടുത്തുകയും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ന്യായവും സുസ്ഥിരവുമായ സമാധാനത്തിന്റെ സാധ്യതകളെ തുരങ്കം വെക്കുകയും ചെയ്യുന്നുവെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇസ്രായിലി കുടിയേറ്റക്കാരുടെ ആസൂത്രിതമായ നിയമ ലംഘനങ്ങൾ ഉടനടി അവസാനിപ്പിക്കാനും പിടിച്ചെടുത്ത ഫലസ്തീൻ ഭൂമി തിരികെ നൽകാനും അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
അതേസമയം ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം യു.എൻ രക്ഷാ സമിതി അംഗീകരിച്ചതിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. ഗാസയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങൾക്ക് പരിഹാരം കാണാൻ മേഖലയിലെയും ആഗോള തലത്തിലെയും പങ്കാളികളുമായി സഹകരിച്ച് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും മന്ത്രിസഭാ യോഗം വിലയിരുത്തി.