റിയാദ്- ജിസാൻ ഫർസാൻ ദ്വീപ് തീരത്ത് രണ്ട് ഭീമൻ കൊലയാളി തിമിംഗലങ്ങളെ കണ്ടെത്തിയതായി വന്യജീവി സംരക്ഷണ വകുപ്പ് അറിയിച്ചു. കില്ലർ തിമിംഗലം എന്നറിയപ്പെടുന്ന ഓർക്കാ ഇനത്തിൽ പെട്ടവയാണിതെന്നും സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിൽ ഇവക്ക് പ്രാധാന്യമേറെയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.
നീലത്തിമിംഗലവും കൂനൻ തിമിംഗലവും ഉൾപ്പെടുന്ന ബ്ലാക്ക് തിമിംഗല വർഗത്തിൽ ഉൾപ്പെട്ടവയാണിത്. ശക്തമായ പേശികളോട് കൂടിയ ശരീരഘടനയുള്ള ഈ സസ്തനികൾ സമുദ്രത്തിലെ വേട്ടക്കാരാണ്. വൈരുധ്യ നിറങ്ങളാണ് ഓർക്കായുടെ സവിശേഷത. പിൻഭാഗവും മുകൾഭാഗവും കറുപ്പും വയറും താഴത്തെ വശവും വെളുത്തതുമാണ്. കൂറ്റൻ തലയും മൂർച്ചയുള്ളതും മാരകവുമായ പല്ലുകളും ശക്തമായ താടിയെല്ലുകളും ഇതിനെ വ്യത്യസ്തമാക്കുന്നു. പരമാവധി ഒമ്പത് മീറ്റർ വരെ നീളം വരും. തണുത്തതും മിതശീതോഷ്ണവുമായ സമുദ്രങ്ങളിലാണ് ഓർക്കകൾ ജീവിക്കുന്നത്. മത്സ്യങ്ങൾ, ചെറിയ തിമിംഗലങ്ങൾ, നീരാളികൾ എന്നിവയെ ഭക്ഷിക്കുന്ന ഇവ സാമൂഹിക ജീവികളായാണ്്. എപ്പോഴും കൂട്ടങ്ങളായാണ് കാണപ്പെടുക. ശബ്ദങ്ങളും ചലനങ്ങളും ഉപയോഗിച്ച് സങ്കീർണ്ണമായ ആശയവിനിമയം ഇവയുടെ സവിശേഷതയാണ്.