റിയാദ്- എട്ടാമത് കിംഗ് അബ്ദുൽ അസീസ് ഒട്ടകമേള റിയാദ് അൽസയാഹിദ് ഗ്രൗണ്ടിൽ ആരംഭിച്ചു. 320 റൗണ്ട് മത്സരം അരങ്ങേറുന്ന ഈ മേള ഡിസംബർ 30 നാണ് അവസാനിക്കുന്നത്.
സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകത്തെ ആഴത്തിൽ തൊട്ടറിഞ്ഞ് നടക്കുന്ന ഈ മേളക്ക് സാക്ഷിയാകാൻ വിദേശികളടക്കം നിരവധി പേരെത്തുന്നുണ്ട്. നഗരത്തിന്റെ തെക്ക് കിഴക്ക് 120 കിലോമീറ്റർ അകലെ സയാഹിദ് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. നഗരിയുടെ 18 ഭാഗങ്ങളിലായി 20 ഓളം പരിപാടികൾ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
മസായൻ, ഹജിൻ, ഹജീജ്, ത്വബ, മജാഹീം, മഗാതീർ, അസായൽ, സവാഹിൽ തുടങ്ങി നിറം, ശരീര സൗന്ദര്യം അടക്കം വിവിധ ഇനങ്ങളിലാണ് 320 റൗണ്ട് മത്സരമുള്ളത്. ഇതുവരെ 3000 കാണികൾക്ക് മത്സരം വീക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നത് ഈ വർഷം മുതൽ ആറായിരം പേർക്കുളള സൗകര്യമാക്കി ഉയർത്തി. രാവിലെ എട്ടരക്കാണ് എല്ലാ ദിവസവും മത്സരം തുടങ്ങുന്നത്. സൗദിയിൽനിന്ന് 337, യു.എ.ഇയിൽനിന്ന് 135, കുവൈത്തിൽനിന്ന് എട്ട്, ഒമാനിൽനിന്ന് ആറ്, ബഹ്‌റൈനിൽനിന്ന് മൂന്ന് എന്നിങ്ങനെ 489 ഒട്ടകങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.