അബഹ- ബീശയിലെ കിംഗ് ഫഹദ് അണക്കെട്ട് തുറന്നത് കർഷകർക്ക് ആശ്വാസമായി. പ്രദേശത്തെ കർഷകർക്ക് ജലസേചനാവശ്യാർഥം 40 ദശലക്ഷം ഘനമീറ്റർ വെള്ളം അണക്കെട്ടിൽ നിന്ന് നൽകുമെന്ന് കൃഷി, പരിസ്ഥിതി, ജല മന്ത്രാലയം അറിയിച്ചു. അസീർ ഗവർണറേറ്റ്, സിവിൽ ഡിഫൻസ് അടക്കം ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സഹകരിച്ച് എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് അണക്കെട്ട് തുറന്നുവിട്ടത്. വെള്ളം ഒഴുകന്ന പ്രദേശങ്ങളിലെ എല്ലാ തടസ്സങ്ങളും നേരത്തെ നീക്കം ചെയ്തിരുന്നു. വെള്ളം തുറന്നുവിടുന്നതിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങൾ നിരീക്ഷിക്കുമെന്നും കർഷകർക്ക് എത്രത്തോളം പ്രയോജനം ചെയ്യുന്നുവെന്നും വിലയിരുത്തുമെന്ന് പ്രവിശ്യ മന്ത്രാലയം ശാഖ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അസീരി അറിയിച്ചു. വെള്ളക്കെട്ടുള്ള ഭാഗങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് ആരും പോകരുതെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ സുരക്ഷ മുന്നറിയിപ്പുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബീശ അണക്കെട്ട് രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ്. 103 മീറ്റർ ഉയരമുള്ള ഈ അണക്കെട്ടിൽ 325 മില്യൺ ഘനമീറ്റർ വെള്ളം ശേഖരിക്കാനുള്ള ശേഷിയുണ്ട്.