മക്ക – സൽമാൻ രാജാവിന്റെ അതിഥികളായെത്തുന്ന തീർത്ഥാടകരുടെ അവസാന സംഘവും മക്കയിലെത്തി. ഇസ്ലാമിക് അഫയേഴ്‌സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ പ്രോഗ്രാമിന് കീഴിൽ ലോകത്തെ 90 രാജ്യങ്ങളിൽ നിന്നുള്ള 1,300 ഹജ്ജ് തീർഥാടകരാണ് സൗദിയിലെത്തിയത്.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് ഈ പദ്ധതി നടപ്പാക്കിയത്. മക്കയിലെ താമസ സ്ഥലങ്ങളിൽ എത്തിയ തീർഥാടകരെ പൂക്കളും, സംസം, ഈത്തപ്പഴവും, സൗദി കാപ്പിയും നൽകി സ്വീകരിച്ചു. തുടർന്ന് തീർത്ഥാടകർ ത്വവാഫ് അൽ-ഖുദും (ആഗമനത്തിന്റെ ത്വവാഫ്) എന്ന ചടങ്ങ് നടത്താൻ ഗ്രാൻഡ് മസ്ജിദിലേക്ക് പോയി.
തങ്ങളുടെ കർമ്മങ്ങൾ സുഖകരമായി നിർവഹിക്കാൻ ആവശ്യമായതെല്ലാം നൽകുന്നതിന് തീർഥാടകർ സൽമാൻ രാജാവിനോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനോടും നന്ദിയും കടപ്പാടും അറിയിച്ചു.