മദീന – സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആതിഥേയത്തിൽ ഉംറ തീർഥാടകരുടെ ആദ്യ ബാച്ച് മദീനയിലെത്തി. ആദ്യ ബാച്ചിൽ മലേഷ്യ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, തായ്‌വാൻ, മ്യാന്മർ, വിയറ്റ്‌നാം, ലാവോസ്, ഹോങ്കോംഗ്, ജപ്പാൻ, ബ്രൂണൈ, തായ്‌ലന്റ്, ദക്ഷിണ കൊറിയ, കംബോഡിയ, മംഗോളിയ എന്നീ 14 കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 250 തീർഥാടകരാണുള്ളത്.
രാജാവിന്റെ അതിഥികളെ പൂച്ചെണ്ടുകളും കാപ്പിയും ഈത്തപ്പഴവും മറ്റും വിതരണം ചെയ്താണ് മദീന എയർപോർട്ടിൽ സ്വീകരിച്ചത്. മസ്ജിദുന്നബവി, ഖുബാ മസ്ജിദ്, മദീനയിലെ ചരിത്ര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാൻ ഇവർക്ക് ക്രമീകരണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. മദീന സിയാറത്ത് പൂർത്തിയാക്കി ഇവർ ഉംറ കർമം നിർവഹിക്കാൻ മക്കയിലേക്ക് തിരിക്കും. ഈ വർഷം രാജാവിന്റെ ആതിഥേയത്വത്തിൽ ഉംറ കർമം നിർവഹിക്കാൻ ലോക രാജ്യങ്ങളിൽ നിന്നുള്ള 1,000 പേർക്കാണ് അവസരമൊരുക്കുന്നത്.