റിയാദ്: ഇനിമുതൽ സൗദി അറേബ്യയിൽ വിദേശികൾക്കും ഭൂമി സ്വന്തമാക്കാം. പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ജിദ്ദ, റിയാദ് തുടങ്ങിയ സ്ഥലങ്ങളിൽ ഉൾപ്പെടെ വിദേശികൾക്ക് ഭൂമി വാങ്ങാൻ അനുമതി നൽകുന്നതാണ് പുതിയ നിയമം. അടുത്തവർഷം ആദ്യം നിയമം പ്രാബല്യത്തിൽ വരുമെന്ന് സൗദി അറേബ്യ അറിയിച്ചു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ജിദ്ദ അൽ സലാം കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭായോഗത്തിലാണ് ഈ നിയമത്തിന് അംഗീകാരം ലഭിച്ചത്. ഭൂമിശാസ്ത്രപരമായ പ്രത്യേക ഇടങ്ങളിൽ ഭൂമി വാങ്ങാൻ അനുവദിക്കുന്ന നിയമമാണിത്. റിയൽ എസ്റ്റേറ്റ് മേഖല വികസിപ്പിക്കാനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം ആവിഷ്കരിച്ചത്.
മക്കയിലും മദീനയിലും വിദേശികൾക്ക് ഭൂമി വാങ്ങാൻ പ്രത്യേക വ്യവസ്ഥകൾ ഉണ്ടാകും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷം 180 ദിവസത്തിനുള്ളിൽ പുതിയ നിയമത്തിന്റെ വിശദാംശങ്ങൾ പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്ഫോമിൽ പരസ്യപ്പെടുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.