റിയാദ്: സൗദി അറേബ്യയിലെ വിദേശികളുടെ കുടുംബാംഗങ്ങളുടെ പേരിൽ ചുമത്തിവരുന്ന ആശ്രിത ലെവി പുനഃപരിശോധിക്കുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വ്യക്തമാക്കി. പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് ഉൽപ്പാദനക്ഷമതയുള്ള പ്രതിഭകളെ ആകർഷിക്കാൻ സൗദി അറേബ്യ ശ്രമിക്കുന്ന സാഹചര്യത്തിലാണിത്.
ജലം, വൈദ്യുതി തുടങ്ങിയവ ലാഭിക്കുന്നതിന് നൽകുന്ന സബ്‌സിഡിയിൽ നിന്ന് അവർക്ക് പ്രയോജനം ലഭിക്കുന്നതിനാൽ സാമ്പത്തിക നഷ്ടപരിഹാരമെന്ന നിലയിൽ ആശ്രിത ലെവി തീരുമാനം ആവശ്യമായിരുന്നു. സോക്രട്ടീസ് പ്രോഡ്കാസ്റ്റുമായി സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യവർധിത നികുതി (വാറ്റ്) നടപ്പാക്കിയത് പ്രതിസന്ധിഘട്ടത്തിലായിരുന്നു. ഇത് ഗൾഫ് സാമ്പത്തിക നയങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. ആദായനികുതിക്ക് പോസിറ്റീവുകളുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങൾ വേദനാജനകമായിരുന്നു. ഞങ്ങൾക്ക് കാത്തിരിക്കാൻ കഴിഞ്ഞില്ല. ഇത് പൊതു ധനകാര്യം നിയന്ത്രിക്കുന്നതിനും കമ്മി കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിൽ വിവിധ നല്ല ഫലങ്ങൾ കൈവരിക്കുന്നതിനും വേണ്ടിയായിരുന്നു. മന്ത്രി പറഞ്ഞു. 2017 മുതലാണ് സൗദിയിൽ ആശ്രിത ലെവി നടപ്പാക്കിയത്.