റിയാദ് – സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്‌ച തുടക്കം വരെ ഇടിമിന്നലുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിൽ, അസിർ, അൽ-ബാഹ, ഹായിൽ, അൽ-ഖസീം, നജ്‌റാൻ, ജസാൻ പ്രവിശ്യകളിലെയും മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിലെയും ഭൂരിഭാഗം ഗവർണറേറ്റുകളിലും ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. ഞായറാഴ്ച മുതൽ വ്യാഴം വരെ കുറഞ്ഞ ദൃശ്യപരതയോടെ, മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ എത്തുന്ന മണൽക്കാറ്റുകൾ, ആലിപ്പഴം, പേമാരി എന്നിവ ഉണ്ടാകുമെന്നും കേന്ദ്രം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മക്ക, റിയാദ്, അൽ-ജൗഫ് പ്രവിശ്യകളുടെ ചില ഭാഗങ്ങൾ, വടക്കൻ അതിർത്തികൾ, കിഴക്കൻ മദീനയിലെ മിക്ക ഗവർണറേറ്റുകളിലും മണിക്കൂറിൽ 50 കി.മീ വേഗതയിൽ മണൽക്കാറ്റ്, ആലിപ്പഴം, ഫ്ലാഷ്‌ഫ്‌ളഡ് എന്നിവയ്‌ക്കൊപ്പം മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
മക്ക, തബൂക്ക് പ്രവിശ്യകളിലും മദീനയിലെ മിക്ക ഗവർണറേറ്റുകളിലും ചൊവ്വ മുതൽ വ്യാഴം വരെ ശക്തമായ ഇടിമിന്നലോട് കൂടിയ മണൽക്കാറ്റും ഉണ്ടാകുമെന്നും ഇതു മൂലം ദൃശ്യപരത കുറയുമെന്നും കേന്ദ്രം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. റിയാദ്. അൽ-ജൗഫിന്റെയും വടക്കൻ അതിർത്തി പ്രദേശങ്ങളുടെയും ചില ഭാഗങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടത്തരം മുതൽ കനത്ത ഇടിമിന്നലിനും കിഴക്കൻ പ്രവിശ്യയിലെ മിക്ക ഗവർണറേറ്റുകളിലും മിതമായ മഴ വ്യാഴാഴ്ച അനുഭവപ്പെടും.
ആശയവിനിമയ സേവനങ്ങളിലൂടെയും മാധ്യമ ചാനലുകളിലൂടെയും കാലാവസ്ഥാ വിവരങ്ങൾ പിന്തുടരാനും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും NCM ആഹ്വാനം ചെയ്തു.