ദുബായ്: ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ നസർ ക്ലബിൽ ചേർന്നതിനു പിന്നാലെ അർജന്റീനയുടെ നായകനും പി.എസ്.ജിയിലെ സൂപ്പർ താരവുമായ ലയണൽ മെസി സൗദിയിലേക്ക് വരുമെന്ന റിപ്പോർട്ടുകൾ പുറത്ത്. സൗദിയിലെ ഒന്നാം നമ്പർ ക്ലബ്ബായ അൽ ഹിലാൽ മെസിയുമായി ചർച്ച നടത്തിയതായി ഇറ്റാലിയൻ പത്രം റിപ്പോർട്ട് ചെയ്തു. സൗദിയിൽ അൽ നസർ ക്ലബ്ബിന്റെ ബദ്ധവൈരികളാണ് അൽ ഹിലാൽ. ക്രിസ്റ്റിയാനോയുടെ അൽ നാസർ ജഴ്‌സി സൗദിയിൽ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. മെസിയുടെ ജഴ്‌സി അൽ ഹിലാൽ തങ്ങളുടെ ഷോപ്പുകളിൽ വിൽപ്പനക്ക് വെച്ചിരിക്കുകയാണ്
ഇറ്റാലിയൻ പത്രമായ ‘കാൽസിയോ മെർക്കാറ്റോ’ യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അൽ ഹിലാൽ ക്ലബ് മെസ്സിയുമായി കരാറിൽ ഏർപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കരാറായിരിക്കും ഇതെന്നും പത്രം വ്യക്തമാക്കുന്നു.
അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ ക്ലബ്ബിൽ ചേർന്നതിന് പിന്നാലെ മെസ്സിയെ ടീമിലെത്തിക്കാനുള്ള കരാർ അൽ ഹിലാൽ ഗൗരവമായി പരിഗണിക്കുകയാണെന്ന് കുവൈറ്റിലെ മുൻ ഇൻഫർമേഷൻ മന്ത്രി ഡോ. സാദ് ബിൻ തഫേല അൽ അജ്മി വ്യക്തമാക്കി.