റിയാദ്: സൗദിയിൽ എയർ അറേബ്യയുടെ നേതൃത്വത്തിൽ പുതിയൊരു ലോ-കോസ്റ്റ് എയർലൈൻ പദ്ധതി പ്രഖ്യാപിച്ചു. സൗദിയെ പ്രാദേശിക വ്യോമയാന ഹബ്ബായി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ പുതിയ എയർലൈൻ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലായി ആകെ 81 സെക്ടറുകളിലേക്ക് സർവീസ് നടത്തും.
2,400-ൽ അധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. എയർ അറേബ്യ, കാൻ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്, നെസ്മ ഗ്രൂപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പുതിയ ലോ-കോസ്റ്റ് എയർലൈൻ യാഥാർത്ഥ്യമാകുന്നത്.
പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾക്ക് അടുത്ത വർഷത്തോടെ തുടക്കമാകും. ആദ്യ ഘട്ടത്തിൽ 45 വിമാനങ്ങളായിരിക്കും സേവനത്തിനായി ഒരുങ്ങുക. ഇതിൽ 24 ആഭ്യന്തര റൂട്ടുകളും 57 അന്താരാഷ്ട്ര റൂട്ടുകളും ഉൾപ്പെടുന്നു.