മദീന: മസ്ജിദ് ഖുബ്ബ വികസനത്തിന്റെ ഭാഗമായി മദീനാ മുനവ്വറയില്‍ നിര്‍മിക്കാന്‍ പോകുന്ന വിശാലമായ കൊമേഴ്‌സ്യല്‍ സെന്റര്‍ പദ്ധതിയുമായി ലുലു ഗ്രൂപ്പ് കൈകോര്‍ക്കുന്നു. ഇതിന്റെ പ്രാരംഭഘട്ടമായി ആസര്‍ ഗള്‍ഫ് കൊമേഴ്‌സ്യല്‍ കമ്പനിയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പ് വെച്ചു. 200 ദശലക്ഷം സൗദി റിയാല്‍ ചെലവിട്ട് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉയരാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കൊമേഴ്‌സ്യല്‍ സമുച്ചയത്തിന്റെ സവിശേഷതയായിരിക്കും.
ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ യൂസഫലി, ആസര്‍ ഗള്‍ഫ് കൊമേഴ്‌സ്യല്‍ കമ്പനി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ സെയ്ഫി ബിന്‍ നുമഹി അല്‍ അംറി എന്നിവരാണ് മദീനയിൽ ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്. ലുലു സൗദി അറേബ്യ ഡയരക്ടര്‍ ഷഹീം മുഹമ്മദ്, ലുലു റീജിയണൽ ഡയരക്ടര്‍ റഫീഖ് മുഹമ്മദലി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ലുലുവുമായുള്ള സഹകരണം വാണിജ്യ രംഗത്ത് കൂടുതൽ ഉണർവേകാൻ സഹായകരമാകുമെന്ന് ശൈഖ് മാജിദ് ബിന്‍ സെയ്ഫി ചൂണ്ടിക്കാട്ടി.
പരിശുദ്ധ റമദാനിലെ ആദ്യദിനത്തിൽ പുണ്യനഗരമായ മദീനയിൽ വെച്ച് തന്നെ പദ്ധതിയുടെ ഭാഗമായതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ഇതിനു അനുമതി നൽകിയ സൽമാൻ രാജാവിനും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സൗദി ഭരണകൂടത്തിനും പ്രത്യേക നന്ദി പറയുന്നു. സൗദി ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെ യുള്ള നയങ്ങൾ രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നു 24 മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ ആധുനിക രീതിയിലുള്ള ഹൈപ്പർ മാർക്കറ്റായിരിക്കും മദീനയിൽ വരുന്നത്. ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങളാണ് പദ്ധതി പൂർത്തിയാകുന്നതോടെ പ്രതീക്ഷിക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.