മദീന – പ്രവാചക നഗരിയിൽ ഇലക്ട്രിക് സൈക്കിൾ നെറ്റ്‌വർക്ക് പദ്ധതി നടപ്പാക്കുന്നു. മദീന നിവാസികളുടെയും സന്ദർശകരുടെയും ഉപയോഗത്തിനാണ് പദ്ധതി നടപ്പാക്കുന്നത്. വിഷൻ 2030 ന് അനുസൃതമായി പരിസ്ഥിതി സൗഹൃദമായ നിലക്ക് 500 ലേറെ ഇ-സൈക്കിളുകളാണ് പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തുന്നതെന്ന് അൽമഖർ ഡെവലപ്‌മെന്റ് കമ്പനിയിലെ മുനിസിപ്പൽ ഇൻവെസ്റ്റ്‌മെന്റ് മാനേജർ അഹ്മദ് അൽമുഹൈമിദ് പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായിട്ടുണ്ട്. 65 സ്റ്റേഷനുകളാണ് ആദ്യ ഘട്ടത്തിലുള്ളത്. ഇപ്പോൾ രണ്ടാം ഘട്ടത്തിന്റെ പടിവാതിൽക്കലാണ് നിൽക്കുന്നത്. മദീനയിലെ സഞ്ചാരത്തിന് സമൂഹം ഇപ്പോൾ എളുപ്പമുള്ളതും സുഗമവുമായ ഗതാഗത മാർഗങ്ങൾ ആഗ്രഹിക്കുന്നു. പദ്ധതിയുടെ ലക്ഷ്യം സാമ്പത്തികം മാത്രമല്ല, പൗരന്മാർക്കും സന്ദർശകർക്കും സേവനം നൽകാനുള്ള വികസന പദ്ധതിയെന്നോണമാണ് ഇത് നടപ്പാക്കുന്നത്.
പുതിയ സേവനത്തിന് പൊതുസമൂഹത്തിൽ നിന്നുള്ള പ്രതികരണം വളരെ മികച്ചതാണ്. മസ്ജിദുന്നബവിക്കു സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് പുറത്തേക്കുള്ള വ്യക്തിഗത സഞ്ചാരങ്ങൾ സുഗമമാക്കുന്നതിന് എല്ലാ പ്രദേശങ്ങളിലും നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിൽ എല്ലാവരും ഉത്സാഹത്തിലാണെന്നും അഹ്മദ് അൽമുഹൈമിദ് പറഞ്ഞു.