മക്ക- ഒന്നര വർഷത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം മക്ക ബസ് സർവീസ് ആരംഭിച്ചതായി മക്ക റോയൽ കമ്മീഷൻ അറിയിച്ചു. വിശുദ്ധ നഗരത്തിന്റെ എല്ലാ പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ബസ് സർവീസ് വേഗതയേറിയതും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണ്. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക സീറ്റുകളും ബസിൽ ഒരുക്കിയിട്ടുണ്ട്.
പൊതുഗതാഗത മേഖലയിൽ സൗദി വനിതകൾക്കും പുരുഷന്മാർക്കും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കി സാമ്പത്തിക മേഖലയിൽ ഉയർച്ച കൈവരിക്കുകയും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 400 ബസുകൾ പങ്കെടുത്ത ഒന്നര വർഷത്തെ പരീക്ഷണ ഓട്ടത്തിൽ 17 ലക്ഷം ട്രിപ്പിലൂടെ 100 മില്യൻ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിച്ചിട്ടുണ്ട്.
2022 ഫെബ്രുവരിയിലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. 560 കിലോമീറ്റർ പരിധിയിൽ 12 പാതകളിൽ 438 സ്റ്റേഷനുകളാണ് മക്ക ബസിനുള്ളത്. വിഷൻ 2030 പദ്ധതികളിൽ അല്ലാഹുവിന്റെ അതിഥികളെ സേവിക്കുന്നതിനുളള സംരംഭങ്ങളിലൊന്നാണ് മക്ക ബസ് പദ്ധതി. മക്ക നഗരത്തിലെ ജനത്തിരക്ക് കുറക്കാനും താമസക്കാരുടെയും സന്ദർശകരുടെയും അഭിലാഷങ്ങൾ നിറവേറ്റാനും പദ്ധതി വഴി സാധിച്ചതായി കമ്മീഷൻ അറിയിച്ചു.