റിയാദ്: കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് സൗദിയിൽ മലയാളിക്ക് ദാരുണാന്ത്യം. മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് മരണപ്പെട്ടത്. 29 വയസായിരുന്നു. റിയാദിന് സമീപം അൽഖർജിലാണ് സംഭവം നടന്നത്. അൽഖർജ് സനാഇയ്യയിൽ അറ്റകുറ്റ പണികൾക്കായി വർക്ക്ഷോപ്പിൽ എത്തിച്ച കാറിന്റെ പെട്രോൾ ടാങ്ക് ആണ് വെൽഡിങ്ങിനിടെ പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയ്ക്കാണ് പരിക്കേറ്റത്.
പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടൻതന്നെ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ എത്തിച്ചെങ്കിലും ശരത്കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.