ദമ്മാം: സൗദിയിൽ മലയാളി തീപ്പൊള്ളലേറ്റ് മരിച്ചു. ദമ്മാമിലാണ് സംഭവം. ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കൊല്ലം തൊടിയൂർ സ്വദേശി അസീസ് സുബൈർകുട്ടിയാണ് മരിച്ചത്. പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിൽ നിന്നും തീ പടർന്നാണ് അസീസിന് ഗുരുതരമായി പൊള്ളലേറ്റത്. തുടർന്ന് അദ്ദേഹത്തെ ദമ്മാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം താമസ സ്ഥലത്തുവെച്ചാണ് പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ദഹ്റാനിൽ സ്പേൺസറുടെ വീട്ടിനോട് ചേർന്നുള്ള താമസ സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.
ഗ്യാസ് ചോർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദമ്മാമിൽ തന്നെ മൃതദേഹം മറവു ചെയ്യനാണ് തീരുമാനം. ഇതുസംബന്ധിച്ച് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.