ദമാം: സൗദിയിൽ അഞ്ച് മലയാളികളെ നാടുകടത്തി. അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ മതപരമായ പരിപാടി സംഘടിപ്പിച്ചതിനാണ് അഞ്ച് മലയാളികളെ നാടുകടത്തിയത്. 2 മാസങ്ങൾക്ക് മുൻപാണ് ഇവരെ അധികൃതർ അറസ്റ്റ് ചെയ്തത്. ദമാമിൽ നിന്നുമാണ് സുരക്ഷാ വിഭാഗം ഇവരെ പിടികൂടിയത്.
അധികൃതരുടെ അനുമതിയോ അംഗീകാരമോ ഇല്ലാത്ത പരിപാടിക്ക് നേതൃത്വം നൽകിയതിന് 4 പേരെയും പരിപാടി നടത്താൻ സ്ഥലം അനുവദിച്ചതിന് സ്ഥാപനത്തിലെ ജീവനക്കാരനേയുമാണ് സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്തത്. തുടർ നടപടികൾക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് 5 പേരെയും നാടുകടത്തൽ നടപടിക്ക് വിധേയമാക്കിയത്. എന്നാൽ, നാടുകടത്തപ്പെട്ടവരുടെ വിശദമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മത, രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് സൗദി അറേബ്യയിൽ അനുമതി ലഭിക്കുകയില്ലെന്നും അത്തരം പരിപാടികൾ അനധികൃതമായി നടത്തുന്നവർക്കെതിരെ അധികൃതർ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്. നിലവിൽ കലാ, സാംസ്‌കാരിക, സാമൂഹിക പരിപാടികൾക്ക് മാത്രമാണ് സൗദി സർക്കാർ അനുമതി നൽകി വരുന്നത്.