ദമാം – ദമാമിൽ കൂട്ടിലടച്ചിട്ട് പൂച്ചയെ ജീവനോടെ കത്തിച്ചുകൊന്ന വിദേശ വിദ്യാർഥിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. പൂച്ചയെ ജീവനോടെ കത്തിക്കുന്നതിന്റെയും ഇതിൽ അഭിമാനം പ്രകടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ വിദ്യാർഥി തന്നെ ചിത്രീകരിച്ച് ടെലിഗ്രാമിലൂടെ പുറത്തുവിടുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകനെ അറസ്റ്റ് ചെയ്തത്.
ദഹ്റാൻ കിംഗ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറൽസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. വിദ്യാർഥിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത കാര്യം കിംഗ് ഫഹദ് യൂനിവേഴ്സിറ്റിയും അറിയിച്ചു. പൂച്ചയെ ജീവനോടെ കത്തിക്കുന്ന വീഡിയോ പുറത്തുവന്നതോടെ കുറ്റവാളിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്ന് മൃഗസംരക്ഷണ പ്രവർത്തകർ സുരക്ഷാ വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു.