റിയാദ്: സൗദിയിൽ നടുറോഡിൽ വെടിവെയ്പ്പ് നടത്തിയ സ്വദേശി പൗരൻ പിടിയിൽ. നഗരത്തിൽ ജനങ്ങൾ തിങ്ങികൂടിയ സ്ഥലത്ത് വെടിവെയ്പ്പ് നടത്തിയ കേസിലാണ് സൗദി യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധം യുവാവ് പൊതുസ്ഥലത്തു വെച്ച് വെടിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ സാമൂഹികമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
അറസ്റ്റിലായ പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൈബർ ക്രൈം വിരുദ്ധ നിയമം ലംഘിച്ച് വെടിവെപ്പിന്റെ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച വ്യക്തിയെയും അറസ്റ്റ് ചെയുമെന്നാണ് പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.