ദമാം – അൽഹസയിലെ അൽശഅ്ബാൻ മലമുകളിൽ പാറയുടെ വിടവിലേക്ക് വീണ് സൗദി യുവാവിന് ദാരുണാന്ത്യം. മലമുകളിൽ കയറി മൊബൈൽ ഫോൺ ഉപയോഗിച്ച് സ്‌നാപ് ചാറ്റ് വീഡിയോകൾ ചിത്രീകരിക്കുന്നതിനിടെയാണ് യുവാവ് അബദ്ധത്തിൽ പാറയുടെ വിടവിലേക്ക് വീണത്. വിടവിന്റെ അടിഭാഗത്തുനിന്ന് പത്തു മീറ്റർ ഉയരത്തിൽ ഇടുങ്ങിയ ഭാഗത്ത് ദിവസങ്ങളോളം കുടുങ്ങിക്കിടന്നാണ് യുവാവിന് മരണം സംഭവിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് യുവാവിനെ കാണാതായതെന്ന് അൽഹസ അൽതുവൈസിർ ഗ്രാമമുഖ്യൻ അലി അബ്ദുൽ മജീദ് അൽഹാജി പറഞ്ഞു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ യുവാവ് സ്‌നാപ് ചാറ്റിൽ വീഡിയോ പോസ്റ്റ് ചെയ്തത് മലമുകളിൽ വെച്ചാണെന്ന് യുവാവിന്റെ സ്‌നാപ് ചാറ്റ് അക്കൗണ്ടിലൂടെ വ്യക്തമായി. പർവതത്തിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ഏറെ ശ്രമകരമായ തിരച്ചിലുകൾക്കൊടുവിൽ ചൊവ്വാഴ്ച വൈകീട്ട് മലയിലെ ഗുഹകളിലൊന്നിന്റെ അടിഭാഗത്ത് യുവാവിന്റെ മൊബൈൽ ഫോൺ കണ്ടെത്തി.
തിരച്ചിലുകൾക്കിടെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോണിന്റെ റിംഗ് ടോൺ കേട്ടതാണ് മൊബൈൽ കണ്ടെത്താൻ സഹായകമായത്. ഇതിനടുത്തായി പാറയുടെ വിടവിൽ കുടുങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ഉടൻതന്നെ സിവിൽ ഡിഫൻസിൽ വിവരമറിയിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമങ്ങളിലൂടെ സിവിൽ ഡിഫൻസ് അധികൃതർ മയ്യിത്ത് പുറത്തെടുത്ത് ആശുപത്രിയിലേക്ക് നീക്കിയതായി അലി അബ്ദുൽ മജീദ് അൽഹാജി പറഞ്ഞു.