അൽ ഖോബോർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് സൗദിയിൽ മലയാളി മരണപ്പെട്ടു. കൊല്ലം കൊട്ടാരക്കര പൂവാറ്റൂർ സ്വദേശി ഗോപി സദനം വീട്ടിൽ ഗോപകുമാർ ആണ് മരിച്ചത്. 52 വയസ്സായിരുന്നു.
സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഗോപിയെ വാഹനമിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തൂഖ്ബാ സ്ട്രീറ്റ് 20 യിൽ സീബ്രാലൈനിൽ കൂടി മറുഭാഗത്തേക്ക് പോകാൻ ശ്രമിക്കവേ എതിരെ വന്ന കാർ ഇടിക്കുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
അപകടത്തിന് ശേഷം കാർ നിർത്താതെ കടന്നു കളഞ്ഞു. 16 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയാണ് ഗോപകുമാർ. തൂഖ്ബയിൽ എസി ഷോപ്പ് നടത്തിവരികയായിരുന്നു അദ്ദേഹം. ശ്രീജയാണ് ഗോപകുമാറിന്റെ ഭാര്യ. മക്കൾ: ഗണേഷ്, കാവ്യ. ഗോപകുമാറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമനടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.