വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിക്ക് കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് മാപ്പു നല്‍കി. തബൂക്കിലാണ് സംഭവം. കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് മുതൈര്‍ അല്‍ദയൂഫി അല്‍അതവിയാണ് പ്രതിക്ക് മാപ്പു നല്‍കിയത്.
പ്രതിക്ക് മാപ്പു നല്‍കുന്നതിന് പകരമായി വന്‍തുക ദിയാധനം നല്‍കാമെന്ന പ്രതിയുടെ കുടുംബത്തിന്റെ ഓഫറുകളും പ്രതിക്ക് മാപ്പു നല്‍കാന്‍ നടന്ന മധ്യസ്ഥ ശ്രമങ്ങളും നേരത്തെ മുതൈര്‍ അല്‍അതവി നിരാകരിച്ചിരുന്നു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹം തീരുമാനം മാറ്റിയത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി ശാന്തിയും ദയയും തന്റെ മനസ്സിലേക്ക് ദൈവം തോന്നിപ്പിച്ചതായി ദൈവിക പ്രീതി മാത്രം കരുതിയാണ് പ്രതിക്ക് മാപ്പു നല്‍കാന്‍ തയ്യാറായതെന്നാണ് അദ്ദേഹം പറഞ്ഞു. തബൂക്കില്‍ അഞ്ചു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുതൈര്‍ അല്‍അതവിയുടെ മകനും പ്രതിയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മുതൈറിന്റെ മകന്‍ കൊല്ലപ്പെടുകയായിരുന്നു.