സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത് വനിത നീന്തൽ താരം മഷായേൽ മെഷാരി അൽ അയ്ദ് ചരിത്രത്തിൽ ഇടംപിടിച്ചു. ഞായറാഴ്ച നടന്ന 200 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിൽ സ്വർണ പ്രതീക്ഷയുമായി നീന്താനിറങ്ങിയ ഈ പെൺകുട്ടിക്ക് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എങ്കിലും ചരിത്രപരമായ ഈ വ്യക്തിഗത റെക്കോഡിലൂടെ രാജ്യത്തിന്റെ മുഖം തന്നെയായി മാറി മഷായേൽ. ഈ 17 കാരി അന്താരാഷ്ട്ര വേദികളിൽ സൗദിയുടെ പ്രതീക്ഷയായി മാറുകയാണ്.
ചരിത്രത്തിൽ ആദ്യമായാണ് സൗദിയിൽനിന്ന് നീന്തൽ മത്സരത്തിൽ വനിതതാരം പങ്കെടുക്കുന്നത്. 10 അത്ലറ്റുകളാണ് ഇത്തവണ പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. അതിൽനിന്ന് ആദ്യമായി ഒളിമ്പിക്സിൽ മത്സരിക്കാനിറങ്ങിയതും മഷായേൽ അൽ അയ്ദ് ആണ്. ഇതും ലോക കായിക മാമാങ്കത്തിൽ മാറ്റുരക്കുന്ന ആദ്യ സൗദി വനിത എന്നതും പുതിയ ചരിത്ര രചനയായി.