മക്ക- മിന, മുസ്ദലിഫ, അറഫ എന്നീ സ്ഥലങ്ങളിലേയ്ക്ക് ഹാജിമാര്‍ക്ക് സഞ്ചരിക്കാന്‍ ഏര്‍പ്പെടുത്തിയ മശാഇര്‍ മെട്രോ സര്‍വീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സര്‍വീസ് ആരംഭിച്ചത്. അടുത്ത ഏഴ് ദിവസം പുണ്യസ്ഥലങ്ങളിലെ ഒമ്പത് സ്റ്റേഷനുകളുമായി ബന്ധിച്ച് 17 മെട്രോ ട്രെയ്‌നുകള്‍ സര്‍വീസ് നടത്തും. ഏതാനും മാസങ്ങള്‍ക്ക് മുമ്പേ മെട്രോകളെല്ലാം സര്‍വീസിന് സൗദി റെയില്‍വേ സജ്ജമാക്കിയിരുന്നു. എല്ലാ ട്രെയ്‌നുകള്‍ക്കും വലിയ അറ്റകുറ്റപണികളാണ് നടത്തിയത്.
സിഗ്നലിംഗ്, കമ്മ്യുണിക്കേഷന്‍സ്, ഓപറേഷന്‍സ് തുടങ്ങി കണ്‍ട്രോള്‍ റൂം വരെ അറ്റകുറ്റപണികളുടെ പരിധിയിലായിരുന്നു. ശേഷം 90 ദിവസം പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇതിനായി 7500 താത്കാലിക ജോലിക്കാരെ നിയമിച്ചു. അറബി, ഇംഗ്ലീഷ്, ഉര്‍ദു, തുര്‍ക്കി, നൈജീരിയ, ഇന്തോനേഷ്യ ഭാഷകള്‍ സംസാരിക്കുന്നവരെയാണ് ജോലിക്ക് നിയമിച്ചത്.