മദീന – മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദര്‍ശനത്തിനിടെ വിശ്വാസികള്‍ നാലു കാര്യങ്ങള്‍ ചെയ്യരുതെന്ന് ഹജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
റൗദ ശരീഫില്‍ പ്രവേശിക്കുന്നവര്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കരുത്. ഭക്ഷ്യവസ്തുക്കൾ റൗദയില്‍ പ്രവേശിപ്പിക്കാനും ഫോട്ടോകളും വീഡിയോകളുമെടുക്കാനും പാടില്ല. നിശ്ചയിച്ചതില്‍ കൂടുതല്‍ സമയം റൗദയില്‍ നിൽക്കരുതെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. റൗദ ശരീഫ് സന്ദര്‍ശനത്തിന്റെ മര്യാദകള്‍ വിശ്വാസികള്‍ പാലിക്കുകയും സ്ഥലത്തിന്റെ മഹത്വം മനസ്സിലാക്കുകയും വേണം. റൗദ ശരീഫ് സന്ദര്‍ശനത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്യണം. ബുക്ക് ചെയ്ത് ലഭിച്ച പെര്‍മിറ്റ് പ്രകാരമുള്ള സമയത്തു തന്നെ റൗദ ശരീഫില്‍ എത്തുന്നത് ഉറപ്പാക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം കൂട്ടിച്ചേർത്തു.