മക്ക – പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും തൂക്കത്തിന്റെ അടിസ്ഥാനത്തിൽ വിൽക്കണമെന്ന് മക്ക നഗരസഭ റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും നിർദ്ദേശം നൽകി. ഈ നിയമം ലംഘിക്കുന്ന റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കുമെതിരെ പതിനായിരം റിയാൽ വരെ പിഴ ചുമത്തുമെന്ന് മക്ക നഗരസഭ അറിയിച്ചു.
അടുത്ത മാസം മുതൽ ഇത് പ്രാബല്യത്തിൽവരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. തൂക്കത്തിലും അളവിലും പ്രത്യേക നിയന്ത്രണങ്ങളില്ലാതെ ആളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിൽക്കുന്ന രീതി ഇല്ലാതാക്കി തൂക്കത്തിന്റെ അടിസ്ഥാനത്തിൽ വിൽപന നടത്തുന്ന രീതി നിർബന്ധമാക്കി ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വിൽപന മാനദണ്ഡങ്ങൾ നിയന്ത്രിക്കാനാണ് പുതിയ പദ്ധതിയിലൂടെ മക്ക നഗരസഭ ലക്ഷ്യമിടുന്നത്. ഇതുപ്രകാരം ഉപയോക്താക്കൾക്ക് വിൽക്കുന്ന ഇറച്ചിയുടെയും മറ്റ് ഭക്ഷണ സാധനങ്ങളുടെയും കൃത്യമായ അളവ് നിർണയിക്കാൻ ത്രാസ് ഉപയോഗിക്കുകയാണ് വേണ്ടത്.
വിൽക്കുന്നവർക്കും വാങ്ങുന്നവർക്കുമിടയിൽ പരസ്പര വിശ്വാസ്യം വർധിപ്പിക്കാനും ഇരു കക്ഷികൾക്കും സുതാര്യതയും വിശ്വാസ്യതയും നൽകാനും പുതിയ പദ്ധതി സഹായിക്കും. പുതിയ പദ്ധതി പ്രകാരം റെസ്റ്റോറന്റുകളും ഹോട്ടലുകളും ഇലക്ട്രോണിക് ത്രാസ്സ് ഉപയോഗിക്കുന്നത് നിർബന്ധമാണ്. ഇറച്ചിയുടെ ഇനങ്ങളും വിലകളും വ്യക്തമാക്കുന്ന ബോർഡുകളും സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം.
കോഴിയിറച്ചി, ബീഫ്, മത്സ്യം എന്നിങ്ങിനെ ഇറച്ചിയുടെ ഇനങ്ങളും അവയുടെ ഉറവിടങ്ങളും വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കാത്തവർക്ക് 2,000 റിയാൽ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് പതിനായിരം റിയാൽ വരെ പിഴ ലഭിക്കുമെന്നും നഗരസഭാ അധികൃതർ വ്യകത്മാക്കി.