പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനും ഔദ്യോഗിക സന്ദർശനത്തിനുമായി ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലെത്തിയ സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി സ്വീകരിച്ചു.

ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിൽ പുതിയ അധ്യായം ആരംഭിക്കുന്നതായി നരേന്ദ്രമോദി പറഞ്ഞു. ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്യുകയും ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്തത്തിന്റെ സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഇരുവരുടെയും അധ്യക്ഷതയിൽ ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിൻറെ (എസ്.പി.സി) പ്രഥമ യോഗം ചേർന്നു. 2019 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റിയാദ് സന്ദർശനത്തിനിടെയാണ് എസ്.പി.സി രൂപവത്കരിച്ചത്.

ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഒരു വിയോജിപ്പും ഉണ്ടായിട്ടില്ലെന്ന് കിരീടവകാശി പറഞ്ഞു. ഭാവി കെട്ടിപ്പടുക്കുന്നതിനും അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജി-20 ഉച്ചകോടിയുടെ നടത്തിപ്പിനും മിഡിൽ ഈസ്റ്റ്, ഇന്ത്യ, യൂറോപ്പ് എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി ഉൾപ്പെടെ കൈക്കൊണ്ട നടപടികൾക്കും അദ്ദേഹം മോദിയെ അഭിനന്ദിച്ചു.

നേരത്തെ,സൗദി കിരീടാവകാശിക്ക് രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകിയിരുന്നു. രാഷ്ട്രപതി ദൗപതി മുർമുവും പ്രധാനമന്ത്രിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ശനിയാഴ്ചയാണ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മുഹമ്മദ് ബിൻ സൽമാൻ ന്യൂഡൽഹിയിലെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!