അൽഉല – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമേരിക്കൻ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും കൂടിക്കാഴ്ച നടത്തി. അൽഉലയിലെ ശൈത്യകാല ക്യാമ്പിൽ വെച്ചാണ് അമേരിക്കൻ വിദേശ മന്ത്രി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗാസ യുദ്ധം കൂടുതൽ വ്യാപിക്കുന്നത് തടയാനുള്ള നയതന്ത്ര നീക്കത്തിന്റെ ഭാഗമായി ബ്ലിങ്കൻ മേഖലാ രാജ്യങ്ങളിൽ പര്യടനത്തിലാണ്. രാവിലെ അബുദാബി സന്ദർശിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനുമായി അമേരിക്കൻ വിദേശ മന്ത്രി ചർച്ച നടത്തിയിരുന്നു. ഞായറാഴ്ച ജോർദാനും ഖത്തറും ബ്ലിങ്കൻ സന്ദർശിച്ചിരുന്നു.