റിയാദ്- അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസ്സി സൗദി അറേബ്യയുടെ ടൂറിസം അംബാസഡറായി ഈ മാസം വീണ്ടും സൗദി സന്ദര്‍ശിക്കും. ടൂറിസം മന്ത്രി അഹ്്മദ് അല്‍ ഖത്തീബാണ് മെസ്സിയും കുടുംബവും ഈ മാസം സൗദി സന്ദര്‍ശിക്കുന്ന വിവരം അറിയിച്ചത്.
സൗദിയുടെ ടൂറിസം അംബസഡറായി നിയമിതനായ ശേഷം കഴിഞ്ഞ വര്‍ഷം മേയിലാണ് മെസ്സി സൗദിയിലെത്തിയിരുന്നത്.
സൗദിയുടെ ടൂറിസം അംബാസഡറായ മെസ്സിയേയും കുടുംബത്തേയും സുഹൃത്തുക്കളേയും രണ്ടാം സന്ദര്‍ശനത്തിന് സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുള്ളതായി മന്ത്രി അഹ്്മദ് അല്‍ ഖത്തീബ് ട്വീറ്ററിലൂടെ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രങ്ങള്‍ മെസ്സി സന്ദര്‍ശിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ടൂറിസം അംബസഡറായി കഴിഞ്ഞ തവണ എത്തിയപ്പോള്‍ മെസ്സി പ്രധാനമായും ജിദ്ദയാണ് സന്ദര്‍ശിച്ചത്. രണ്ടു മാസം നീണ്ട ജിദ്ദ സീസണ് ആഘോഷ വേളയിലായിരുന്നു സന്ദര്‍ശനം നടന്നത്.
ലോകത്തെമ്പാടുമുള്ള സഞ്ചാരികള്‍ക്ക് സൗദിയിലെ മനോഹര ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മെസ്സിയെ ടൂറിസം അംബാസഡറായി പ്രഖ്യാപിച്ചത്.